Tuesday, August 14, 2012

കുണ്ഡലിനിപ്പാട്ട്-ശ്രീനാരായണഗുരു

ആടുപാമ്പേ! പുനം തേടു പാമ്പേ! യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! തിങ്കളും കൊന്നയും ചൂടുമീശൻപദ- പങ്കജം ചേർന്നുനിന്നാടുപാമ്പേ! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! ആയിരം കോടി അനന്തൻ നീ ആനന- മായിരവും തുറന്നാടു പാമ്പേ! ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ! പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമേനിയെ- ന്നുള്ളിൽ കളിക്കുമെന്നാടു പാമ്പേ! പേയും പിണവും പിറക്കും ചുടുകാട് മേയും പരമ്പൊരുളാടു പാമ്പേ! പൂമണക്കുംകുഴലാളകം‌പൂകുമാ- കോമളമേനി കണ്ടാടു പാമ്പേ! നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു പാമ്പേ! പൂമലരോനും തിരുമാലുമാരും പൊൻ- പൂമേനി കണ്ടില്ലെന്നാടു പാമ്പേ! കാമനെച്ചുട്ട കണ്ണുള്ള കാലാരി തൻ നാമം നുകർന്നുനിന്നാടു പാമ്പേ! വെള്ളിമലയിൽ വിളങ്ങും വേദപ്പൊരു‌- ളുള്ളിൽകളിക്കുമെന്നാടു പാമ്പേ! എല്ലാമിറക്കിയെടുക്കുമേകൻ പദ- പല്ലവം പറ്റി നിന്നാടു പാമ്പേ! എല്ലായറിവും വിഴുങ്ങി വെറും വെളി- യെല്ലയിലേറി നിന്നാടു പാമ്പേ! എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ! ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌- ളെല്ലയിലേറി നിന്നാടു പാമ്പേ! ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ! നാടും നഗരവുമൊന്നായ് നാവിൽനി- ന്നാടു നിൻ നാമമോതീടു പാമ്പേ! ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു- മേകനുമുണ്ടറിഞ്ഞീടു പാമ്പേ! പേരിങ്കൽനിന്നു പെരുരുവെളിയെന്നല്ല പാരാദി തോന്നിയെന്നാടു പാമ്പേ! ചേർന്നുനിൽക്കുമ്പൊരുളെല്ലാം ചെന്താരൊടു നേർന്നുപോമ്മാറു നിന്നോടു പാമ്പേ!