Saturday, June 12, 2010

മഴ കണ്ട കുട്ടി - കെ കെ രാജാ

പേമഴപെയ്യുമൊരന്തിവിളക്കത്തോ-
രോമനക്കുട്ടനിതോതി നിൽപ്പൂ
മാനത്തു മണ്ടിക്കളിക്കും കിടാങ്ങളേ
ഞാനും വരട്ടേ കളിപ്പാൻ കൂടെ?
ചേച്ചി പിടിച്ചു പറിയ്ക്കയാലിന്നേരം
പീച്ചാംകുഴലെനിക്കില്ലാതായി
ചങ്ങാതിമാർ നിങ്ങൾ പീച്ചിയ നീർത്തുള്ളി
ഇന്നെന്റെ മുറ്റത്തു വിണ്ണിൽ നിന്നും
പേശലകാന്തി കലർന്നിതാ വീഴുന്നു
തൂശിപോലെത്രയും മിന്നിമിന്നി
തീച്ചരടൊത്തൊരു ചാട്ടവാറിങ്ങനെ
ചായ്ച്ചുലച്ചീടുമച്ചങ്ങാതിയെ
പീച്ചിയോടിക്കും ഞാനന്തികേ പായുന്ന
കൊച്ചനുജന്മാർക്കു പേടി തീർക്കും
ഈയിറയത്തു നിന്നങ്ങു പറക്കുവാ­
നീയൽച്ചിറകുമില്ലയ്യോ പാവം
മാനത്തെ രാജാവിങ്ങെങ്ങാനുമെത്തിയാൽ
ഞാനാവിമാനത്തിൽ കേറി നിൽക്കും