Wednesday, May 5, 2010

കാളിനാടകം -ശ്രീനാരായണ ഗുരു

നമോ നാദബിന്ദ്വാത്മികേ നാശഹീനേ!
നമോ നാരദാദീഡ്യപാദാരവിന്ദേ,
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ,
നമോ നാൻമുഖാദിപ്രിയാംബാ നമസ്തേ.

സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാ സംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തർക്കു നിത്യം
വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമാറാവിരാതങ്കബീജം
കുറഞ്ഞോരുനേരം നിനക്കുന്നഭക്തർ-
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം.

നിറഞ്ഞങ്ങനേ വിശ്വമെല്ലാമൊരുപ്പോ-
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാൾ
കഴിഞ്ഞാലുമില്ലോരുനാശം;കുറഞ്ഞൊ-
ന്നറിഞ്ഞീടരായിന്നഹോ ഘോരരൂപം
മറഞ്ഞീടുമോ വിശ്വമെല്ലാമിതെന്നോർ-
ത്തറിഞ്ഞീടുവാൻ ശക്തരാരുള്ളു ലോകേ ?
മഹാദിവ്യദേവേശ ,ഗൗരീശ, ശംഭോ !
മഹാമായ നിൻ വൈഭവം ചിന്തനീയം

അടിയ്ക്കുള്ളു തോണ്ടിപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന മന്ദാകിനിക്കി-
ങ്ങടക്കം കൊടുപ്പാനിടംപെട്ടിരിക്കും-
ജടയ്ക്കമ്പിളിത്തെല്ലുമെല്ലും വിലോല-
ച്ചത്ഭംഗമന്ദാര മാണിക്യമാലാ-
വിലയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു-
ജ്ജ്വലിച്ചുത്തരംഗീകൃതം പൊൻകിരീടം
പരം പഞ്ചമിച്ചന്ദ്രനും തോറ്റുപോയി
തിരയ്ക്കപ്പുറം കുറ്റമില്ലെന്നു തേറി -
ത്തിറംവിട്ടു കപ്പം കൊടുക്കുന്ന നെറ്റി-
ക്കുറിക്കുള്ളിൽ വീണാഴിയേഴാമരഞ്ഞാ-
ണരയ്ക്കന്വഹം ചാർത്തുമുർവ്വീമണാളൻ
മഹാദേവനും ബ്രഹ്മനും മുൻപരായോർ
അഹോ! മായയിൽപ്പെട്ടിരിക്കുന്നു ചിത്രം !!
മഹാത്മാക്കളായുള്ളവർക്കും നിനച്ചാൽ
മഹാമായ നിൻ വൈഭവം കിന്തരണ്യം.

അനംഗന്റെ പൂവില്ലിനല്ലൽപെടുത്തും
കുനുച്ചില്ലിവല്ലിക്കൊടിത്തല്ലു തെല്ലി-
ങ്ങനംഗന്നുമംഗത്തിലേറ്റാലൊഴിച്ചൂ-
ടനങ്ങാതെപോയങ്ങടങ്ങുന്നതേ നൽ-
പ്പദത്താർഭജിക്കുന്നവർക്കുള്ളൊരത്തൽ-
പ്പദത്തെക്കെടുപ്പാനതേ ചില്ലിരണ്ടും
വശത്താക്കിവെച്ചെപ്പൊഴും മിന്നി മിന്നു-
ന്നതും കണ്ണിണപ്പങ്കജപ്പൂവിലോലും
കൃപത്തേൻകണക്കൺകണം മാരിചേർത്താ-
ർത്തിപോക്കും കടക്കണ്ണു രണ്ടിങ്കലും
വിമ്മിവിമ്മിത്തിടുക്കെന്നു പായുന്ന
കല്ലോലിനിക്കും പടുത്വം കൊടുക്കുന്നൊ-
രാനന്ദവാരിക്കടൽക്കക്കരെ-
പ്പാദഭക്തപ്രയുക്തശ്രുതസ്തോത്ര-
സംഗീതനൃത്തങ്ങളും തൃച്ചെവിക്കൊണ്ടു
നിൽക്കുന്നകർണ്ണങ്ങളിൽ പൊൻമണിക്കുണ്ഡലം
കൊണ്ടൊളിപ്പട്ടുപൊങ്ങും ഘൃണിക്കങ്കിതം
ഗണ്ഡകണ്ണാടിയും നന്മണിച്ചെമ്പരത്തിപ്ര-
സൂനം നമിയ്ക്കുംമണിച്ചുണ്ടുരണ്ടിന്നുമുള്ളായ്‌വിളങ്ങും
പളുങ്കൊത്ത പൽപ്പത്തി മുത്തുപ്പടത്തി-
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തുബന്ധം ?

തെളിഞ്ഞിങ്ങനേ പൂർണ്ണചന്ദ്രന്നുമല്ലൽ-
ക്കളങ്കംകൊടുക്കുന്നെതിർദ്വന്ദശോഭാങ്കുരം
വക്ത്രബിംബം കരാളോന്നതശ്രീകരം
ഘോര ദംഷ്ട്രദ്വയം ഭീഷണീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭൂതവേതാളകൂളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടുകുന്തം,
കടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിർത്തോടി മണ്ടുന്ന കണ്ഠസ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ-
മിടിയ്ക്കും പടുത്വം കൊടുക്കുന്ന പൊട്ടി-
ച്ചിരിക്കെട്ടുദിക്കും പൊടിയ്ക്കാക്കൊടുക്കും
കടുംപന്തു കൊങ്കത്തടം താളമേളം
പിടിച്ചംബരീജാലസംഗീതനൃത്തം
തൂടിക്കിങ്കിണീവേണുവീണാപ്രയോഗം
ചെവിക്കൊണ്ടു തങ്കക്കുടക്കൊങ്കരണ്ടും
കളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്ത മുത്തുപ്പടം കൽപവൃക്ഷ-
ത്തലം പൂങ്കുലക്കൊത്തുകോർത്തിട്ടു
മാലാകളങ്കാവിഹീനം കലാപിച്ചു-
മേതാനലങ്കാരബന്ധങ്ങളും മറ്റു-
മുള്ളോരലം ശക്തരല്ലാരുമോതാനിതൊന്നും.
പിടിയ്ക്കുള്ളടക്കിക്കൊടുക്കും വയറ്റി-
ന്നടിയ്ക്കോമനപ്പൂമണിപ്പട്ടുടുത്ത-
മ്മുടിച്ചിക്കുകച്ചപ്പുറം വെച്ചിറുക്കി-
ക്കടിക്കാമവണ്ടിക്കുടത്തീന്നിഴിഞ്ഞ-
ത്തുടക്കാമ്പു തുമ്പിക്കരശ്രീ നമിക്കും

അനംഗന്റേതൂണീരമോടേറ്റു തമ്മിൽ
പ്പിണക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നു-
ങ്കണങ്കാലടിക്കച്ഛപം തോറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാലടിത്താമരപ്പൂവിലോലം
കളിയ്ക്കുന്ന പൂന്തേൻ നുകർന്നാത്തമോദം
വിളങ്ങുന്ന ദേവാംഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സഖീ ചാരുനര്യാണിതന്നിൽ
ത്ധണൽക്കാരപൂരം വഹിച്ചും നടന്നും
മുദാശോഭ കൈലാസശൃംഗേ ലസിച്ചും
തദാ ദേവനാരീ സമക്ഷം വഹിച്ചും
നമിച്ചും സുരന്മാർ വഹിച്ചും കടാക്ഷം ഗമിച്ചും
നിജാനന്ദമോടാവിരാശാവധിക്കുള്ള കാമം
ലഭിച്ചും പദാന്തേ ഭജിച്ചും
തദാവാസദേശേവസിച്ചും സുഖിച്ചും
രമിച്ചും സ്വകാര്യേഷ്വലം സംഭ്രമി-
ച്ചങ്കുരിച്ചത്തലും മൂലമാക്കി വിള-
ങ്ങുന്നിവ്വണ്ണം ഭവത്തൃകടക്കൺ ചുളിച്ചൊന്നു
നോക്കായ്ക മൂലം കൃപലോ! നമസ്തേ നമസ്തേ!


നമസ്തേ മഹാഘോരസംസാരവാരാ-
ന്നിധിയ്ക്കക്കരെക്കേറുവാന്‍ തൃപ്പദത്താ -
രിണക്കപ്പലല്ലാത്തൊരാലംബനം മ-
മറ്റെനിയ്ക്കൊന്നുമില്ലംബ ,കാരുണ്യരാശേ,
നിനയ്ക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക -
ണ്ണിണത്തേന്‍കടാക്ഷം ലഭിപ്പാനാണഞ്ഞേന്‍
പദാംഭോജവൈമുഖ്യമെന്നില്‍ പിണഞ്ഞീ-
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ.
പണം പെണ്ണിലും മണ്ണിലും ചെന്നുപുക്കാ -
ശ്വസിച്ചാത്തമോദം ഗുണംകെട്ടു
ദു:ഖിച്ചു പോവാനയക്കൊല്ലഹം
ദേഹമെന്നോര്‍ത്തു സത്വാദിയാം മുക്കണംകെട്ടു
പെട്ടോരു മായാവിലാസം ക്ഷണം ക്ഷീ-
ണലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം
നമസ്തേ ശിവാംബാ നമസ്തേ നമസ്തേ!