Thursday, May 24, 2012

വിണ്ട കാലടികള്‍-പി ഭാസ്കരന്‍


മണ്ണിത്തില്‍ വീണീടുന്ന വേര്‍പ്പിന്റെയുപ്പും കയ്പ്പും
എന്നിലേയ്ക്കാവാഹിയ്ക്കും ശക്തി സംഭരണികള്‍ !
അവപോയെങ്കിലീ ഞാന്‍ മറ്റൊരാളായിത്തീരും
അവനീബന്ധം വിട്ടൊരക്കിലിസ്സിനെപ്പോലെ.
അവയെന്‍ തലച്ചോറിന്‍ വാതായനങ്ങള്‍- ഓരോ
ചുവടു വെയ്ക്കുമ്പോഴും നേരിയ നോവില്‍ക്കൂടി
സ്മരണപുതുക്കീടും ജീവിതക്കുറിപ്പുകള്‍ ,
ധരയെയെന്നോടായിബ്ബന്ധിയ്ക്കും തായ്‌ വേരുകള്‍;
വായിയ്ക്കും ഗ്രന്ഥങ്ങളിലക്ഷരം മങ്ങീടായ് വാന്‍
ജീവിത മുള്‍ക്കാഴ്ചയ്ക്കു നല്‍കിയ കണ്ണാടികള്‍ !
പാട്ടിന്റെ സോക്സില്‍ പാദം പൊതിഞ്ഞെന്നാലും നൃത്ത-
പ്പാട്ടിനോടൊപ്പം ഷൂസും പൃഷ്ഠവും ചലിച്ചാലും
താഴോട്ടും മേലോട്ടുമായുയര്‍ന്നും താഴ്ന്നും സദാ
പായുമീ ലിഫ്ട്ടിന്നോട്ടം പെട്ടെന്നു നിലച്ചാലും
ചെരിപ്പില്ലാത്തോരാണെന്‍ സന്തതസഹചരര്‍
ചരണത്തിലെച്ചര്‍മ്മം വിണ്ടവരെന്‍ തോഴന്മാര്‍
നഗ്നപാദത്തില്‍ക്കാണും പാടുകളെന്‍ നേട്ടങ്ങള്‍
ശാശ്വതാരോഗ്യം തരുമുപ്പുനീരുറവകള്‍ .