ഇന്നലെത്തിരക്കേറും
കിഴക്കേക്കോട്ടയ്ക്കുള്ളില്‍ -
നിന്നു ഞാനൊരു സന്ധ്യാ-
കീര്‍ത്തനമേവം കേട്ടേന്‍
'കരളിലുരുകിയ കദനവും
കരിപുരളുമീപ്പാഴ്വചനവും
ചിമിഴിലാക്കി നിനക്കുനല്കാ_
മൊരുവിനീത നിവേദനം
ബധിരകര്‍ണ്ണമലംപുരണ്ടൊരു
വിധുരനാദനിവേദനം
തിരുവനന്തപുരേ വിളങ്ങിന
പദ്മനാഭ, നമോസ്തുതേ
ഇണ്ടല്‍ കൊണ്ടു തളര്‍ന്ന
മാനസമായതീതയുഗങ്ങളില്‍
നിന്നിലൂടെ വളര്‍ന്നു ,നിന്നിലടങ്ങി ,
നിന്നിലൊടുങ്ങി ഞാന്‍
ഇന്നലെ,സ്സുരപൂജനം ,
സുഖഭോജനം ,മമ ജീവനം
ഇന്ന് കളിയതൊടുങ്ങി വേഷ-
മഴിച്ച നട്ടുവനാണു ഞാന്‍ .'
നരകസങ്കടദുസ്തരം നര-
നഗരസാഗരമലയടിയ്ക്കുകയാണു
മങ്ങി മലച്ചു നില്‍പ്പു മഹീതലത്തില്‍
മനുഷ്യജീവിത,മിവിടെ
ഭുക്തിവെടിഞ്ഞു ഭക്തിയെഴാതെ
മുക്തിയടഞ്ഞു ഞാന്‍
തിരുവന്തപുരേ വിളങ്ങിന
പദ്മനാഭ , നമോസ്തുതേ !
ജലജനാഭ ശയിപ്പു നീയിഹ
ജനജലോഷ്മളവീചിയില്‍
തലയൊരായിരമുള്ള നാഗര -
നാഗവിഷമയമൂര്‍ച്ഛയില്‍
അഴിമുഖങ്ങളിലലയടി-
ച്ചുയരുന്നു പാല്‍ ,കടല്‍വെള്ളമായ്
നഗരസാഗരമാര്‍ത്തിരമ്പുകയാണു
ദാഹജലത്തിനായഴല്‍ പൂണ്ടു
വിവശമലഞ്ഞ കണ്ണുകള്‍ പോലെ
മത്സ്യഗണങ്ങള്‍ ചത്തു ,മലര്‍ന്നു പൊങ്ങി-
യൊഴുക്കിലാടിയുലഞ്ഞ, നീര്‍ച്ചുഴി-
യാണു ഹാ! തവ സാഗരം .
തിരുവന്തപുരേ വിളങ്ങിന
പദ്മനാഭ, പരാങ്മുഖ !
ലളിതവേഷമണിഞ്ഞു ചുരുള്‍മുടി കെട്ടി
മലരുമടഞ്ഞു മിഴിയില്‍Sign out
വിഷം പുരട്ടിയ മടയവള്‍
മഹിഷമായണയേ നടന്നധരം വിടര്‍ത്തിയ
സുരവിരോധി ,സുരാവിനോദി
വിരൂപനരനഗരാസുരന്‍
ഇന്നു കംസപുരപ്രഭൂതി വിളിച്ചു ചൊല്ലുകയാണു
ഹേ! മുകില്‍വര്‍ണ്ണ ,നിന്‍ കരലാളനത്തില്‍
നിതാന്തമുക്തി വരിയ്ക്കുവാന്‍
ഇണയെ മുതുകിലെടുത്തു കനലെരിയുന്ന
പെരുവെയിലത്തു, "വേഗ-
മതാണു മൃതിയെന്നോര്‍ത്തുകണ്ടു
കുതിച്ചു കടകട ശബ്ദമേറ്റി -
യെടുത്തെറിഞ്ഞതുപോലെ പാഞ്ഞു
തിമിര്‍ത്തുപോം ശകടാസുരന്‍ .
കര്‍ണ്ണഭേദകഭീതിയായ് വിഹരിപ്പു, ഹേ, ശകടാരി നിന്‍
കല്പനിദ്രയില്‍നിന്നു നിന്നെ-
യുണര്‍ത്തി നിന്നിലടങ്ങുവാന്‍
അവരവര്‍ക്കു കഴിഞ്ഞ മട്ടില്‍ മഥിച്ചിടുന്നു പയോനിധി
വിഷവുമമൃതുമെടുത്തു തമ്മി-
ലടിച്ചുഭാഗിച്ചു,ഗ്രവാസുകി തന്റെ വാല്‍തല കൈയടക്കി-
യധീശശക്തിയെനേടി ,യെട്ടു
ദിഗന്തവും വിറകൊള്ളുമാറുകുലുക്കിടുന്നു മഹീധരം!
അവര്‍ വമിച്ച കൊടുംവിഷം ഗളനാളിയില്‍
സ്വയമേല്‍ക്കുവാനൊരു,
കനല്‍മിഴിപ്പുരവൈരിയായ് ,സ്വയ-
മവതരിയ്ക്കുക ,ചടുലതാണ്ഡവ-
നിടിലദാഹകശക്തിയാ,യെന്‍
കരളില്‍ വന്നു വിളങ്ങുക
തിരുവനന്തപുരേ വിളങ്ങിന
ജനമനോഹരവിഗ്രഹ !
ഇന്നലെത്തിരുവന്തിയില്‍ ,പാല്‍ക്കടല്‍ ചുവന്നു തിളങ്ങവേ
കണ്ടു ഞാനൊരു വച്ചുവാണിഭ-
വേദിയില്‍ തവ വിഗ്രഹം .
രണ്ടണയ്ക്കതു വാങ്ങി, വിസ്തൃത-
വീഥി നിന്നു നടുങ്ങവേ ,
പാഞ്ചജന്യമഹോ മുഴങ്ങി-
ക്കോട്ടവാതില്‍ കുലുങ്ങി, ദീപ-
ശതം തിളങ്ങി യഖണ്ഡനാമജപങ്ങളാല്‍
കളവിന്റെ നാവു ചലിയ്ക്കവേ
സ്വര്‍ണ്ണരശ്മികള്‍ വീശിടും ധ്വജ-
മെന്നെ നോക്കിയിതാണു മായ-
യതെന്നു കണ്‍കളിറുക്കവേ
അഞ്ചുരൂപ വിലയ്ക്കു വിറ്റേന്‍
ഇന്നുഞാനാ വിഗ്രഹം .
വന്ന ലാഭമെടുത്തുകൊണ്ടു
'ഹരേ ,ഹരേ' ജപനാ,യൊരീശ്വരനാ-
യിരുട്ടില്‍ നടക്കയായ്
തകിട തകധീം ത്രിപുടതാളമുണര്‍ന്ന ചേങ്കില കൊട്ടിയും
മകുടിയില്‍ സ്വരരാഗലയഗതി
ലഹരിയാ,യിടകൂട്ടിയും
തിരുവിഴായിലദൃശ്യശക്തിയെ
വാഴ്ത്തിടുന്നവരാര്‍ത്തിപൂണ്ടു
കൊരുത്തു തമ്മിലിടഞ്ഞു പേഞ്ഞു
കുരുങ്ങി വീണു പിടയ്ക്കയായ് !
എവിടെയെവിടെയധര്‍മ്മമവിടെ വരുന്ന നീയെവിടെ-
ക്കഥ കപടമോ? പടമോ?
പലായനമോ? വചോബലതന്ത്രമോ?
ഒരു വരത്തിനു കേണുപഗ്രഹമായി നിന്നെ വലത്തുവെച്ചു
വിളക്ക് വെച്ചു വണങ്ങി, മണിയടി -
കൊണ്ടുവാഴ്ത്തീ ദേഹികള്‍ .
നല്‍കിടുന്നിഹ നീയവര്‍ക്കൊരു
നാലു ചക്രമടുത്തു നിന്നതു
തിരികെ വാങ്ങി മരിയ്ക്കുവോള-
മിരിക്കുവാനൊരു വിരുതു നല്‍കുന്നു!
തരള താരക സംഖ്യയെണ്ണിയുമധരസേവയ്ക്കൊരു-
വശീകരമന്ത്രമോതിയുമെത്രയെത്ര
ദിനാന്തവേളകള്‍ ചത്തുവീണൊരു വീഥിയില്‍
ഇന്നുമിന്നുമുറങ്ങിടുന്നൂ നീ
ഇന്നുമിന്നുമുണര്‍ന്നിരിപ്പൂ ഞാന്‍ .
താമരക്കുളുര്‍മങ്കയെപ്പുണരാന്‍ വിഷണ്ണത പൂണ്ടു പൂണ്ടു
വിളിച്ചു കേണു പറഞ്ഞു ഞാന്‍
'നീ,യലം പുണരുന്ന കോല-
മെനിയ്ക്കു കാണായ് വരണമേ ..."
കണ്ടു കണ്ടു തരിച്ചു ഞാനൊരു തെണ്ടിയായി നടന്നു
പങ്കിലമായ പാദം കൊണ്ടു മുരഹര ,
നിന്റെ നെഞ്ചു പിളര്‍ക്കുമാറു
തൊഴിച്ചതും തവ ഭൂഷണം .
വിത്തശക്തിയെ മര്‍ത്യനാദ്യമെതിര്‍ത്തതിന്‍ നഖചിത്രമോ
ശ്രീവത്സമോ വിലസുന്നു നിന്നില്‍
നിതാന്തവന്ദിതധാമമേ ?
ചക്രധാരി സുരൂപദര്‍ശനനായ് ,സുദര്‍ശനശക്തിയാല്‍
അര്‍ക്കബിംബമണയ്ക്കു,മാശര-
വാസഗഹനവനങ്ങളില്‍
നിഗ്രഹാര്‍ത്ഥമണഞ്ഞു മാന്യത തന്‍ ശിരസ്ത്രമഴിയ്ക്കുവാന്‍
ബദ്ധമോദമുദിയ്ക്കുമദ്ഭുത -
ശക്തിയായെഴുനേല്‍ക്കുക
സകലമാനപുരേ വിളങ്ങിന ജനമനോഹരവിഗ്രഹ !
ഇരമ്പിക്കുതിച്ചോടാന്‍
തിടുക്കം കൂട്ടും ബസ്സില്‍
ഞെരുങ്ങിക്കേറാന്‍ വെമ്പും
വൃദ്ധപാന്ഥനെപ്പോലെ
ഗാന്ധിജി നില്‍പ്പൂ പാര്‍ക്കില്‍
ചുപ്പനെക്കൊണ്ടാ, ച്ചല -
ചിത്രശാലകള്‍ 'ഞാന-
പ്പഴ'ത്തെപ്പിഴിയുന്നൂ
കരളില്‍ കുത്തിപ്പോയ
നാമകീര്‍ത്തനം, ഗണ-
പതിയമ്പലക്കൂട്ട-
മണിയില്‍ വിലയിയ്ക്കേ
തേങ്ങകളുടയുന്നൂ
കറുത്ത കല്ലില്‍ത്തട്ടി -
ത്തേങ്ങലായതുനിന്നു
തുടിപ്പൂ ദീപങ്ങളില്‍ .