അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്‌കെ-
യമ്മതന്‍ നേത്രത്തിൽനി -
ന്നുതിര്‍ന്നൂ ചുടുകണ്ണീർ.
നാലുമാസത്തിൻ മുമ്പി -
ലേറെനാൾ കൊതിച്ചിട്ടീ-
ബ്ബാലമാകന്ദം പൂവി-
ട്ടുണ്ണികൾ വിരിയവേ,
അമ്മതൻ മണിക്കുട്ടൻ
പൂത്തിരികത്തിച്ചപോ-
ലമ്മലർച്ചെണ്ടൊന്നൊടി-
ച്ചാഹ്ലാദിച്ചടുത്തെത്തി.
ചൊടിച്ചൂ മാതാവപ്പോൾ
ഉണ്ണികൾ വിരിഞ്ഞപൂ-
വൊടിച്ചുകളഞ്ഞല്ലോ
കുസൃതിക്കുരുന്നേ, നീ.
മാങ്കനി വീഴുന്നേരം
ഓടിച്ചെന്നെടുക്കെണ്ടോന്‍
പൂങ്കുല തല്ലുന്നതു
തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറീ ,
വദനാംബുജം വാടീ;
കൈതവം കാണാക്കണ്ണു
കണ്ണുനീർത്തടാകമായ്.
'മാമ്പഴം പെറുക്കുവാൻ
ഞാൻ വരുന്നില്ലെ'ന്നവന്‍
മാൺപെഴും മലര്‍ക്കുല-
യെറിഞ്ഞു വെറും മണ്ണിൽ.
വാക്കുകൾ കൂട്ടിച്ചൊല്ലാൻ
വയ്യാത്ത കിടാങ്ങളേ ,
ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങൾ!
തുംഗമാം മീനച്ചൂടാൽ -
ത്തൈമാവിൻ മരതക-
ക്കിങ്ങിണി സൌഗന്ധിക-
സ്വർണ്ണമായ് തീരും മുൻപേ,
മാങ്കനി വീഴാൻ കാത്തു-
നിൽക്കാതെ, മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു
പരലോകത്തെപ്പൂകി .
വാനവർക്കാരോമലായ് ,-
പ്പാരിനെക്കുറിച്ചുദാ-
സീനനായ്, ക്രീഡാരസ-
ലീനനായവന്‍ വാഴ്‌കെ
അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്‌കെ-
യമ്മതന്‍ നേത്രത്തിൽനി -
ന്നുതിര്‍ന്നൂ ചുടുകണ്ണീർ!
തന്മാകന്നമൃതേകാന്‍
താഴോട്ടു നിപതിച്ച
പൊന്‍്പഴം മുറ്റത്താര്‍ക്കും
വേണ്ടാതെ കിടക്കവേ ,
അയൽപക്കത്തെക്കൊച്ചു -
കുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ -
ക്കളിവീടുണ്ടാക്കുന്നു ;
'പൂവാലനണ്ണാർക്കണ്ണാ
മാമ്പഴം തരികെ'ന്നുള്‍ -
പ്പൂവാളും കൊതിയോടെ
വിളിച്ചുപാടീടുന്നു.
വാസന്തമഹോത്സവ-
മാണവര്‍-'ക്കെന്നാലവള്‍-
ക്കാഹന്ത! കണ്ണീരിനാ-
ലന്ധമാം വര്‍ഷാകാലം .
പുരതോ നിസ്തബ്ധയായ്
തെല്ലിട നിന്നിട്ടു തൻ-
ദുരിതഫലംപോലുള്ള-
ള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ
താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു
മന്ദമായേവം ചൊന്നാൾ:
"ഉണ്ണിക്കൈയ്ക്കെടുക്കുവാ-
നുണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം;
വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ
പോയിതെങ്കിലും കുഞ്ഞേ ,
നീയിതു നുകര്‍ന്നാലേ
അമ്മയ്ക്കു സുഖമാവൂ .
പിണങ്ങിപ്പോയീടിലും
പിന്നെ ഞാൻ വിളിക്കുമ്പോൾ-
ക്കുണുങ്ങിക്കുണുങ്ങി നീ -
യുണ്ണുവാൻ വരാറില്ലേ?
വരിക ,കണ്ണാൽക്കാണാന്‍
വയ്യാത്തൊരെന്‍കണ്ണനേ,
തരസാ നുകര്‍ന്നാലും
തായതൻ നൈവേദ്യം നീ "
ഒരു തൈകുളിർക്കാറ്റാ-
യരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണ-
നമ്മയെയാശ്ലേഷിച്ചു.